Wednesday, November 22, 2017

അവിയൽ

സാർ ... എൻ്റെ   കയ്യിൽ  തുമ്പി കടിച്ചു ... എനിക്ക് ഹോസ്പിറ്റലിൽ പോണം "

ശോകമൂകമായ ഈ വാക്കുകൾ കേട്ടാണ് ഞാൻ കണ്ണ് തുറന്നത്
നോക്കുമ്പോൾ നമ്മുടെ ടീമിലെ വാല്യബിൾ അസത് ..

തുമ്പി ?? കടിക്കുമോ ??

ശരിയാണല്ലോ ... കടിച്ച പാടുണ്ട് .. നല്ല നീരുമുണ്ട് .
എന്നാലും തുമ്പി ഇങ്ങനെയൊക്കെ ചെയ്യുമോ ?
അപ്പോഴേക്കും അവൾ ഗൂഗിളിൽ തപ്പി തുമ്പിയുടെ പടം കാട്ടി തന്നു .

ഇത് കടന്നൽ അല്ലെ? - എൻ്റെ ചോദ്യം .
അത് നിങ്ങൾക്ക് ... ഞങ്ങൾക്കിതു തുമ്പി ആണ്.
ഏതാ നിന്റെ രാജ്യം?
ചൊവ്വാ .. കണ്ണൂർ ..

അടിപൊളി .. ആയിക്കോട്ടെ ... ചൊവ്വായിലെ കാര്യമൊന്നും നമ്മക്കറിയില്ലേ ...!!


സാർ ... എനിക്ക് ഹോസ്പിറ്റലിൽ പോണം... അവൾ വീണ്ടും ...

അതിനെന്താ പോയിട്ട് വാ ...
AJ യിലോ മിഷൻ ലോ  പോയാൽ മതി. വലിയ തിരക്കുണ്ടാവില്ല ...
കടന്നൽ അല്ലെ ... വിഷം കാണും . പെട്ടെന്ന് പൊക്കോളൂ ..
എന്തിനാ വെച്ചോണ്ടിരുന്നത് ... അപ്പൊ തന്നെ പൊയ്ക്കൂടാരുന്നോ ?

എൻ്റെ ഉപദേശം കൂടിപ്പോയപ്പോൾ അവൾ ഇടയ്ക്കു കയറി .

"അതല്ല ... എനിക്ക് ഒരാഴ്ച്ച ലീവ് വേണം "

"ഒരു തുമ്പി കടിച്ചതിനു ഒരാഴ്ച്ച ലീവോ ??? എന്താ കുട്ടി ഇത് ??"-

എനിക്ക് വീട്ടിൽ പോണം ... വൈദ്യനെ കാണിക്കണം ..അപ്പൊ അങ്ങേരു റെസ്റ് എടുക്കാൻ പറയും.. റെസ്റ് ആവുമ്പൊ മിനിമം ഒരാഴ്ച്ച എങ്കിലും വേണ്ടേ ?

അപ്പൊ അതാണ് കാര്യം ..
ലീവ് വേണം ...

എന്നാലും കടന്നൽ .. സോറി .. തുമ്പി കടിച്ചതിനൊക്കെ എങ്ങനാ കുട്ടി  ഒരാഴ്ച ലീവ് തരുന്നെ ?
ഒരു കാര്യം ചെയ്യൂ .. കയ്യിൽ അല്പം ചുണ്ണാമ്പു പുരട്ടു .. കൂടെ ഒരു ഭംഗിക്ക് അല്പം മഞ്ഞൾ പൊടിയും ... വൈകുന്നേരം ആയിട്ടും കുറവില്ലേൽ നമുക്ക് ലീവിനെ പറ്റി ആലോചിക്കാം .. ഞാൻ അടവ് മാറ്റി ...

എന്നാ സാറു പോയി കൊണ്ടുവാ മഞ്ഞളും ചുണ്ണാമ്പും ....

സഭാഷ് !!! തികച്ചും ന്യായമായ ആവശ്യം ...

ഞാൻ പോയി .. പോകണമല്ലോ ...
ആ ഏരിയ മുഴുവൻ കറങ്ങി മഞ്ഞൾ പൊടിയും ചുണ്ണാമ്പും ഒപ്പിച്ചു ...

എന്തായാലും മരുന്ന് ഏറ്റു ... ഉച്ച  ആയപ്പോഴേക്കും എല്ലാം OK ആയി.
നോ നീര് ... നോ പാട് ..

ഹാവു ... അങ്ങിനെ അത് ശുഭം.


ഉച്ചയൂണിന്റെ സമയത്തു ഈ സംഭവം എല്ലാം വള്ളിപുള്ളി തെറ്റാതെ വാമഭാഗത്തിന്റെ മുന്നിൽ അവതരിപ്പിച്ചു ..
ചുമ്മാ ഒന്ന് ആളാവാൻ നോക്കിയതാ ( ഞാൻ അത്ര മണ്ടനായ മാനേജർ അല്ല എന്ന് അവളും കൂടി ഒന്ന് മനസ്സിലാക്കട്ടെ )

പക്ഷെ പ്രതീക്ഷയ്ക്കു വിപരീതമായാണ് സംഭവിച്ചത് .
കടന്നൽ കടിച്ചാലുണ്ടാവുന്ന ദോഷ വശങ്ങളെപ്പറ്റി അവൾ എനിക്ക് ക്ലാസ് എടുത്തു ..
കൂടെ ഒരു ഉപദേശവും .. "എന്നാലും നിങ്ങൾക്കൊരു ലീവ് കൊടുക്കാരുന്നു "

പുല്ല് .. ഒരാവശ്യവുമില്ലാരുന്നു ....

"അപ്പൊ അവൾടെ പണി നീ വന്നെടുക്കുമോ ?"- ഈ ചോദ്യം ഒരുരുള ചോറിന്റെ കൊട്ട് അങ്ങ് വിഴുങ്ങി ... അല്ല പിന്നെ ദേഷ്യം വരൂല്ലേ ??

അങ്ങനെ അന്നത്തെ പകൽ കഴിഞ്ഞു .
രാത്രി അത്താഴ സമയത്ത്  ഭാര്യ വീണ്ടും ആ വിഷയം എടുത്തിട്ടു
"ആ കൊച്ച് ഒന്നാമത് ചുള്ളിക്കമ്പു പോലാ ഇരിക്കുന്നേ .."
ഏതു കൊച്ച് ??
ആ കടന്നൽ കടിച്ച കൊച്ചേ ....അതിനു എന്തേലും പറ്റിയാൽ നിങ്ങൾ സമാധാനം പറയുവോ ?
അല്ലേലും നിങ്ങളു മൊതലാളിമാർക്കു അതൊന്നും പ്രശ്നമല്ലല്ലോ അല്ലെ ?

ഇവളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ ദൈവമേ എന്ന് വിചാരിച്ചു ഞാൻ കഴിപ്പ് നിർത്തി എണീറ്റു .

പോണ പോക്കിൽ അവൾക്കുള്ള മറുമരുന്നായി ഒരു ഡയലോഗ് അങ്ങ് കാച്ചി .
"അവളു ചുള്ളിക്കമ്പു പോലെ ഇരിക്കുന്നതിന്റെ കാരണം അവളുടെ ഫുഡിങ് രീതി ആണ് .. അല്ലാതെ മുതലാളി അല്ല ...

ഉഴുന്നുവട ആണ് ലവളുടെ ഫേവറിറ്റ് .. കാലത്തും ഉച്ചയ്ക്കും രാത്രീലും ഒക്കെ ഉഴുന്നുവട .
ഫുൾ ടൈം വട തിന്നു വീപ്പക്കുറ്റി പോലെ ഇരിക്കുന്ന ആരേലും നീ കണ്ടിട്ടുണ്ടോ ?

ഒരു വാലിഡ്‌ പോയിന്റ് പറഞ്ഞ സുഖത്തിൽ ഞാൻ ഭാര്യയെ ഒന്ന് നോക്കി .
അവൾ പാത്രത്തിലേക്ക് നോക്കി ഇരുപ്പാണ് .
സംഗതി ഏറ്റു . എന്റെ ഭാഗത്താണ് ന്യായം ഉണ്ട് എന്ന് അവൾക്കു മനസ്സിലായി .
ആശ്വാസമായി....

വാ കഴുകാനായി വെള്ളം അണ്ണാക്കിലേക്കു ഒഴിച്ചപ്പോൾ ചെവിയിൽ ഒരു ചോദ്യം വന്നിടിച്ചു കേറി .
"എന്റെ ഇഷ്ട വിഭവം ഏതാണെന്നു നിങ്ങൾക്കറിയാമോ ?" ഭാര്യയുടെ ശബ്ദം .
ഈശ്വരാ ... നിന്ന നിപ്പിൽ അണ്ണാക്കിലെ വെള്ളം അവിടെ തന്നെ കുടുങ്ങി അങ്ങ് തീർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .

"മ്മ് ??"  .. വീണ്ടും ചോദ്യം

വായിലെ വെള്ളം തുപ്പി തിരിഞ്ഞു നോക്കാതെ ഞാൻ ഉത്തരം കൊടുത്തു
"അവിയൽ അല്ലെ?"


എന്തോ ഒരു സാധനം എന്റെ തലയിൽ വന്നിടിച്ചിട്ടു താഴെ വീണു പൊട്ടി ചിതറി .

ശുഭം .

വാൽക്കഷ്ണം :

എന്താണ് പൊട്ടിയതെന്നു ചോദിക്കാനോ നോക്കാനോ ഞാൻ ഇന്ന് വരെ മെനക്കെട്ടിട്ടില്ല .
തലയിലെ മുറിവൊക്കെ ഉണങ്ങീട്ടു വേണം അതേപ്പറ്റി അന്വേഷിക്കാൻ .
അതിനു ശേഷം ജോലി സംബന്ധമായ വിഷയങ്ങൾ വീട്ടിൽ ചർച്ചയ്ക്കു എടുക്കാറുമില്ല .
നമ്മളെന്തിനാ വെറുതെ.....  അല്ലെ?